ഇന്ത്യ പോസ്റ്റില്‍ 25,000ത്തിലേറെ ജിഡിഎസ് ഒഴിവുകള്‍; പത്താം ക്ലാസ് യോഗ്യത, രജിസ്ട്രേഷൻ ഓഗസ്റ്റ് 31 മുതല്‍ | India Post GDS Recruitment 2026
ന്യൂഡല്‍ഹി: രാജ്യത്തെ തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (GDS) തസ്തികകളിലേക്ക് വൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (India Post GDS Recruitment 2026). കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്സ് പുറത്തിറക്കിയ GDS Online Engagement Schedule-II, July 2026 പ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് തുടങ്ങിയ തസ്തികകളിലായി 25,000ത്തിലേറെ ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 27നാണ് വിജ്ഞാപനം പുറത്തിറക്കിയത്. അപേക്ഷയ്ക്കുള്ള ഒറ്റത്തവണ രജിസ്ട്രേഷൻ ഓഗസ്റ്റ് 31ന് ആരംഭിക്കും. ഓണ്‍ലൈൻ അപേക്ഷയും ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യവും സെപ്റ്റംബർ 2ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും. സെപ്റ്റംബർ 21 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. സെപ്റ്റംബർ 23, 24 തീയതികളില്‍ വൈകിട്ട് 5 മണി വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരവും ലഭിക്കും. ഔദ്യോഗിക GDS ഓണ്‍ലൈൻ എൻഗേജ്മെന്റ് പോർട്ടല്‍ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അംഗീകൃത ബോർഡില്‍ നിന്നുള്ള സെക്കൻഡറി സ്കൂള്‍ പരീക്ഷ വിജയിച്ചിരിക്കണം. പത്താം ക്ലാസില്‍ ഗണിതവും ഇംഗ്ലീഷും പഠിച്ച് പാസായിരിക്കണം. അപേക്ഷിക്കുന്ന തപാല്‍ സർക്കിളിന് ബാധകമായ പ്രാദേശിക ഭാഷ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. കമ്പ്യൂട്ടർ ഉപയോഗത്തിലുള്ള പരിജ്ഞാനം, സൈക്കിള്‍ ഓടിക്കാനുള്ള കഴിവ്, മതിയായ ഉപജീവനമാർഗം എന്നിവയും ആവശ്യമാണ്. 18 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് അഞ്ച് വർഷവും OBC വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. PwBD വിഭാഗത്തിന് 10 വർഷവും PwBD-OBC വിഭാഗത്തിന് 13 വർഷവും PwBD-SC/ST വിഭാഗത്തിന് 15 വർഷവും ഇളവ് ലഭിക്കും. EWS വിഭാഗത്തിന് പ്രത്യേക പ്രായപരിധി ഇളവ് അനുവദിച്ചിട്ടില്ല. GDS നിയമനത്തില്‍ എഴുത്തുപരീക്ഷ ഉണ്ടാകില്ല എന്നതാണ് പ്രധാന പ്രത്യേകത. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് വഴിയാണ് ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് ശതമാനം നാല് ദശാംശ സ്ഥാനങ്ങള്‍ വരെ കണക്കിലെടുത്താണ് മെറിറ്റ് തയ്യാറാക്കുക. ഗ്രേഡ് അല്ലെങ്കില്‍ ഗ്രേഡ് പോയിന്റ് മാത്രം രേഖപ്പെടുത്തിയിട്ടുള്ള മാർക്ക് ഷീറ്റുകള്‍ക്ക് വിജ്ഞാപനത്തില്‍ നിർദേശിച്ചിട്ടുള്ള രീതിയില്‍ മാർക്കിലേക്ക് പരിവർത്തനം നടത്തും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികള്‍ക്ക് SMS, ഇ-മെയില്‍ എന്നിവ വഴി വിവരമറിയിക്കും. തുടർന്ന് നിശ്ചിത സമയത്തിനുള്ളില്‍ ഒറിജിനല്‍ രേഖകളുമായി ഫിസിക്കല്‍ ഡോക്യുമെന്റ് വെരിഫിക്കേഷനില്‍ പങ്കെടുക്കണം. പത്താം ക്ലാസ് മാർക്ക് ഷീറ്റ്, തിരിച്ചറിയല്‍ രേഖ, ആവശ്യമായ ജാതി സർട്ടിഫിക്കറ്റ്, PwBD/EWS സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, സർക്കാർ മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഹാജരാക്കേണ്ടിവരും. ശമ്പളവും തസ്തികയും അനുസരിച്ച് വ്യത്യാസപ്പെടും. BPM തസ്തികയില്‍ ₹12,000 മുതല്‍ ₹29,380 വരെയും ABPM, ഡാക് സേവക് തസ്തികകളില്‍ ₹10,000 മുതല്‍ ₹24,470 വരെയുമാണ് Time Related Continuity Allowance (TRCA) ലഭിക്കുക. നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രതിവർഷം മൂന്ന് ശതമാനം വർധനയും ലഭിക്കും. ഡിയർനസ് അലവൻസും മറ്റ് ആനുകൂല്യങ്ങളും നിയമപ്രകാരം ലഭിക്കും. BPMമാരുടെ പ്രധാന ചുമതല ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുക, ഉപഭോക്തൃ സേവനം, തപാല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം, India Post Payments Bank (IPPB) സേവനങ്ങള്‍ തുടങ്ങിയവയാണ്. ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി അനുയോജ്യമായ കെട്ടിട സൗകര്യം സ്വന്തം ചെലവില്‍ ഒരുക്കുകയും പോസ്റ്റ് വില്ലേജില്‍ താമസിക്കുകയും വേണം. ABPMമാർ BPMമാരെ സഹായിക്കുന്നതിനൊപ്പം തപാല്‍ വിതരണം, സ്റ്റാമ്പ്-സ്റ്റേഷനറി വില്‍പ്പന, IPPB ഇടപാടുകള്‍ തുടങ്ങിയ ജോലികളും നിർവഹിക്കും. അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ മാത്രമേ നടത്താവൂ. ഒന്നിലധികം രജിസ്ട്രേഷനുകളോ ഡ്യൂപ്ലിക്കേറ്റ് അപേക്ഷകളോ അനുവദിക്കില്ല. പത്താം ക്ലാസ് സർട്ടിഫിക്കറ്റിലുള്ള പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി തന്നെയാണ് അപേക്ഷയില്‍ നല്‍കേണ്ടത്. തെറ്റായ വിവരങ്ങളോ വ്യക്തമല്ലാത്ത ഫോട്ടോ, ഒപ്പ് എന്നിവയോ ഉള്ള അപേക്ഷകള്‍ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രധാന തീയതികള്‍: വിജ്ഞാപനം: ഓഗസ്റ്റ് 27, 2026 ഒറ്റത്തവണ രജിസ്ട്രേഷൻ: ഓഗസ്റ്റ് 31 - സെപ്റ്റംബർ 19 ഓണ്‍ലൈൻ അപേക്ഷയും ഫീസ് അടയ്ക്കലും: സെപ്റ്റംബർ 2 - സെപ്റ്റംബർ 21 അപേക്ഷ തിരുത്തല്‍: സെപ്റ്റംബർ 23 - 24 അപേക്ഷാ സമയപരിധി: സെപ്റ്റംബർ 21 വൈകിട്ട് 5 മണി രാജ്യത്തെ വിവിധ പോസ്റ്റല്‍ സർക്കിളുകളിലായി ഒഴിവുകള്‍ ലഭ്യമാണ്. സർക്കിള്‍ തിരിച്ചുള്ള ഒഴിവുകളും പ്രാദേശിക ഭാഷാ ആവശ്യകതകളും പരിശോധിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കണമെന്ന് തപാല്‍ വകുപ്പ് ഉദ്യോഗാർഥികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക GDS പോർട്ടലിനെയും അധികൃതരുടെ അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി